ഒരു തുള്ളി കെമിക്കൽ പോലും ഉപയോഗിക്കാതെ ലാബില്‍ കൃത്രിമമായി തയാറാക്കിയ ചിക്കൻ വിളമ്പി സിംഗപ്പൂര്‍ റസ്റ്ററന്റ് ചരിത്രം സൃഷ്ടിച്ചു.
അൽപം പോലും രക്തം ചിന്താതെ, ഒന്നിനെയും കൊല്ലാതെ "ഈറ്റ് ജസ്റ്റ്" എന്ന യുഎസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് അവരുടെ ലബോറട്ടറിയിൽ ഏറെ സ്വാദിഷ്ഠമായ മാംസം വികസിപ്പിച്ചെടുത്തത്. വില്ക്കാന് സിംഗപ്പൂര്‍ സർക്കാരിന്റെ അനുമതി കൂടി ലഭിച്ചതോടെയാണ് ഈറ്റ് ജസ്റ്റ് അവരുടെ ആദ്യ വില്‍പ്പന സിംഗപ്പൂര്‍ റസ്റ്ററന്റിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്താൻ തയാറായത്.
സിഎന്‍ബിസി മേക്ക് ഇറ്റ് പ്രകാരം ഗുഡ് മീറ്റ് കള്‍ച്ചേര്‍ഡ് ചിക്കന്റെ മൂന്ന് സാംപിളുകളാണ് ഇപ്പോൾ ലഭ്യമാകുക. ബാവോ ബണ്‍, ഫിലോ പഫ് പേസ്ട്രി, മേപ്പിള്‍ വാഫിള്‍ എന്നിവയാണവ. 23 ഡോളറാണ് വില.
കൃത്രിമ രാസപദാർങ്ങൾ ചേർക്കാതെയും ഒരു ജീവിയെയും കൊന്ന് അവയുടെ ആവാസവ്യവസ്ഥ തകർക്കാതെയുമാണ് തങ്ങൾ ഇത്ര സ്വാദിഷ്ഠമായ കോഴി ഇറച്ചി തങ്ങളുടെ ലാബില്‍ വികസിപ്പിച്ചെടുത്തതെന്ന് ഈറ്റ് ജസ്റ്റ് സിഇഒ ജോഷ് ടെട്രിക്ക് മാധ്യമങ്ങളോട് പറഞ്ഞു. പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും തകരാറുണ്ടാക്കാതെ നോക്കുക എന്നത് ഇന്നിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.