Posted by : Admin

ട്വിറ്ററിന് വെല്ലുവിളിയുയർത്തി ഇന്ത്യന്‍ നിര്‍മിത ടൂട്ടര്‍ തരംഗമാകുന്നു

 പ്രധാനമന്ത്രിയും ബിജെപി നേതാക്കളും അക്കൗണ്ട് തുടങ്ങി

ട്വിറ്ററിന് വെല്ലുവിളിയുയർത്തി ഇന്ത്യന്‍ നിര്‍മിത ടൂട്ടര്‍ രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന വിദേശ കമ്പനികളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ത്യന്‍ നിര്‍മിത ആപ്പിന്റെ രംഗപ്രവേശം.  ട്വിറ്ററിന് സമാനമായ സവിശേഷതകളാണ് ടൂട്ടര്‍ എന്ന പുതിയ ആപ്പിനുമുള്ളത്. ട്വിറ്ററിൽ ട്വീറ്റുകളാണെങ്കിൽ  ടൂട്ടറില്‍ ടൂട്ടുകളാണ് എന്നതാണ് വ്യത്യാസം.

ഇന്ത്യയ്ക്ക് സ്വന്തമായി ഒരു സ്വദേശി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോം ആവശ്യമുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ടൂട്ടര്‍ രൂപപ്പെടുത്തിയതെന്ന് അവരുടെ വെബ്‌സൈറ്റിൽ പറയുന്നു. ഇന്ത്യ ഇപ്പോൾ ട്വിറ്റര്‍ ഇന്ത്യ കമ്പനിയുടെ കോളനിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ എല്ലാവരും ടൂട്ടറില്‍ അംഗമാകണം എന്നുമാണ് കമ്പനി പറയുന്നത്.

സര്‍ക്കാരില്‍ നിന്ന് മികച്ച പിന്തുണയും പ്രോൽസാഹനവുമാണ് ലഭിക്കുന്നതെന്ന് കമ്പനി പറഞ്ഞു. 
ഇത് ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രി അടക്കം ധാരാളം പേര്‍ ടൂട്ടറില്‍ അംഗത്വം എടുത്തിരിക്കുന്നത്. പ്രധാനമന്ത്രിക്കു പുറമെ അമിത് ഷാ, രാജ്‌നാഥ് സിങ്, സദ്ഗുരു എന്നിവരാണ് ടൂട്ടറില്‍ അംഗത്വം എടുത്തിരിക്കുന്നത്. ബിജെപിയും ടൂട്ടറില്‍ അക്കൗണ്ട് എടുത്തുകഴിഞ്ഞു. വരുന്ന ജൂലൈ മുതല്‍ ടൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകും.

ടൂട്ടറിന്റെ രൂപകല്‍പനയിലുമുണ്ട് വൈവിധ്യം. ട്വിറ്ററിൽ പക്ഷിയാണെങ്കിൽ ടൂട്ടറില്‍ ശംഖാണ് ചിഹ്നം. നിലവിൽ ടൂട്ടറിന് ഇപ്പോള്‍ ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷന്‍ മാത്രമാണുള്ളത്. ടൂട്ടര്‍ പ്രൊ എന്ന പേരില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും ടൂട്ടര്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ടൂട്ടര്‍ പ്രൊ പ്ലാനിനെ കുറിച്ച്‌ കമ്പനി കൂടുതല്‍ കാര്യങ്ങൾ അറിയിച്ചിട്ടില്ല.

എന്നാൽ, ടൂട്ടറിന്റെ സ്വകാര്യതാ നയങ്ങളില്‍ അവ്യക്തതകളുണ്ട് എന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയിൽ ആരംഭിച്ച പാര്‍ലര്‍ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് സമാനമായാണ് ടൂട്ടര്‍ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 

Post Free Ad