Posted by : Admin

സമ്പന്നമായ ഒരു ബോധമണ്ഡലം നിങ്ങൾക്കുണ്ടോ, ഇല്ലെങ്കിൽ എങ്ങനെ അതുണ്ടാക്കിയെടുക്കാം?

സിവിൽ റൈറ്റ് മൂവ്മെന്റിലൂടെ അറിയപ്പെട്ട മാൽകം എക്സ് ജയിലിലടയ്ക്കപ്പെട്ടപ്പോഴാണ് പുസ്തകങ്ങളിൽ അടങ്ങിയിട്ടുള്ള ആശയങ്ങളുടെയും അറിവുകളുടെയും ആഴവും ശക്തിയും എത്രത്തോളം വലുതാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. ജയിലറയ്ക്കുള്ളിൽ തടവിലായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് സ്വതന്ത്രമായിരുന്നു. അതിനു കാരണം പുസ്തകങ്ങളുടെ ലോകത്ത് അദ്ദേഹം തന്റെ ചിന്തകളെ സ്വതന്ത്രമായി വിഹരിക്കാൻ വിട്ടു എന്നുള്ളതാണ്.

തന്റെ ആറര വർഷത്തോളം നീണ്ട തടവറയ്ക്കുള്ളിലെ ജീവിതത്തിൽ അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത്  പുസ്തകങ്ങളായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ ഈ കാലയളവിനുള്ളിൽ രാപകലില്ലാതെ അദ്ദേഹം വായിച്ചുതീർത്തു.

മാൽക്കം എക്സ് തന്റെ ആത്മകഥയിൽ രാത്രികാലങ്ങളിലെ അദ്ദേഹത്തിന്റെ വായനാശീലത്തെ പറ്റി ഇപ്രകാരം എഴുതി :
"ഓരോ മണിക്കൂറിലും പാറാവുകാർ എല്ലാ ജയിലറകളുടെയും പരിശോധനക്കെത്തുമായിരുന്നു. അവരുടെ കാലടിയൊച്ച അടുത്തുവരുന്ന സമയങ്ങളിലെല്ലാം ഞാനെന്റെ കിടക്കയിലേക്ക് ചാടിക്കയറി കിടക്കുകയും ഉറക്കം നടിക്കുകയും ചെയ്യുമായിരുന്നു. പാറാവുകാരുടെ കാലടിയൊച്ച അകന്നുപോകുമ്പോൾ കിടക്കയിൽ നിന്നെഴുന്നേറ്റ് മുറിയിലെ അരണ്ടവെളിച്ചത്തിൽ ചെന്നിരുന്ന് അടുത്ത 58 മിനിറ്റോളം (പാറാവുകാരൻ വീണ്ടും എത്തുന്നതു വരെ) വായന തുടരുമായിരുന്നു. രാവിലെ 3 മണി അല്ലെങ്കിൽ 4 മണി വരെ ദിവസവും ഇത് തുടരുമായിരുന്നു. 3 - 4 മണിക്കൂർ ഉറക്കം മാത്രം മതിയായിരുന്നു എനിക്ക്. തെരുവിൽ ജീവിച്ചിരുന്നപ്പോൾ ഇത്ര പോലും ഞാൻ ഉറങ്ങിയിരുന്നില്ല. "

ഇങ്ങനെയായിരിക്കും ശക്തമായ ബോധമണ്ഡലമുള്ള ഒരു വ്യക്തിയുടെ മനസ്സും ചിന്തകളും പ്രവൃത്തികളും. ഏത് തടവറയ്ക്കകത്ത് ഒറ്റപ്പെട്ടാലും, ശക്തമായ ഒരു ബോധമണ്ഡലം ഉള്ള ആൾ ഒരിക്കലും ഒറ്റപ്പെടുകയില്ല. അതിനു കാരണം ഇത്തരം വ്യക്തികളുടെ ബോധമണ്ഡലം മുഴുവൻ അറിവുകൊണ്ടും, ആശയങ്ങൾകൊണ്ടും സമ്പന്നമായിരിക്കും എന്നതാണ്. ശക്തമായ മനസ്സുള്ള ഇത്തരം വ്യക്തികൾക്ക് ഒരിക്കലും നിരാശയോ, ഒറ്റപ്പെട്ടലിന്റെ അരോചകതയോ അനുഭവപ്പെടുകയില്ല. മറിച്ച്, അവർ അവരുടെ ചിന്താലോകത്ത് സ്വതന്ത്രരായിരിക്കും.

അറിവാകുന്ന താക്കോലാണ് അടഞ്ഞുകിടക്കുന്ന ഏതൊരു ബോധമണ്ഡലത്തെയും തുറക്കാൻ സഹായിക്കുന്നത്. ഒരുപാട് അറിവുകളുള്ള ഒരാളുടെ ബോധമണ്ഡലം തീർച്ചയായും ജ്ഞാനംകൊണ്ട് സമ്പന്നമായിരിക്കും. അതിനു വിപരീതമായിരിക്കും അറിവ് കുറഞ്ഞ ഒരാളുടെ ബോധമണ്ഡലം.

നമ്മൾ സാധാരണ കേൾക്കുന്ന ഒരു ചൊല്ലാണ് "കാശുണ്ടെങ്കിലേ കാശുണ്ടാക്കാൻ പറ്റൂ" എന്ന്. കാരണം നിങ്ങളുടെ കയ്യിൽ കാശുണ്ടെങ്കിൽ, അത് ലാഭം നൽകുന്ന ഒരു വ്യാപാരത്തിൽ നിക്ഷേപിച്ചെങ്കിൽ മാത്രമേ നിങ്ങൾക്കതിൽ നിന്നു കൂടുതൽ കാശുണ്ടാക്കാൻ സാധിക്കൂ. ഇത്തരം നിക്ഷേപങ്ങൾ നടത്തുന്നതിലൂടെ നിങ്ങളുടെ സാമ്പത്തികഭദ്രത വീണ്ടും വീണ്ടും മെച്ചപ്പെടും. ഇതുപോലെതന്നെയാണ് നമ്മുടെ ബോധമണ്ഡലത്തിന്റെ കാര്യവും. നിങ്ങളുടെ ബോധമണ്ഡലത്തെ അറിവുകൊണ്ടു സമ്പന്നമാക്കിയാൽ അത് വീണ്ടും വീണ്ടും അറിവുകളാൽ സമ്പന്നമാകുന്നതായി കാണാൻ കഴിയും.

ദിവസവും നിങ്ങൾ എത്രത്തോളം സമയം നിങ്ങളുടെ ബോധമണ്ഡലത്തെ സമ്പന്നമാക്കാനുതകുന്ന കാര്യങ്ങളിൽ ചെലവഴിക്കാറുണ്ട്?

മാൽകം എക്സിനെ പോലെ 4 മണിക്കൂർ മാത്രം ഉറങ്ങി ബാക്കി സമയം മുഴുവൻ വായനയിലും ചിന്തയിലും മുഴുകണം എന്ന നിബന്ധനയൊന്നും ഇക്കാര്യത്തിൽ ഇല്ല. ദിവസവും ഒരുമണിക്കൂറെങ്കിലും നാം ചെലവാക്കിയാൽത്തന്നെ നമ്മുടെ ബോധമണ്ഡലത്തെ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കും.
പ്രശസ്ത നിക്ഷേപകനും ബിസിനസ്സ്കാരനുമായ ചാർളി മുങ്കർ തന്റെ ജീവിതത്തിൽ വിശ്വസിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത ഒരു കാര്യം എന്തെന്നാൽ, "നമ്മുടെ എല്ലാ ദിവസങ്ങളിലെയും ഏറ്റവും നല്ല മണിക്കൂറുകളെ സ്വന്തം കഴിവുകൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാൻ വിനിയോഗിച്ചാൽ നമുക്ക് സ്വന്തം ജീവിതത്തിന്റെ എല്ലാ തലങ്ങളിലും കാര്യക്ഷമമായ വളർച്ച ഉണ്ടാക്കിയെടുക്കാൻ സാധിക്കും" എന്നതാണ്.

സമ്പന്നമായ ഒരു ബോധമണ്ഡലം നിർമിച്ചെടുക്കുക എന്നത് നല്ല ഒരു മനുഷ്യനും അതേപോലെ തന്നെ നല്ലൊരു പ്രൊഫഷണലും ആകാൻ നമ്മെ സഹായിക്കുന്നു. നമ്മൾ ജീവിതത്തിൽ സ്തംഭിച്ചുപോവുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട് ; നിങ്ങളുടെ ആരുടെയെങ്കിലും ജോലി നഷ്ടപ്പെട്ടു പോയിട്ടുണ്ടാവാം, കച്ചവടത്തിൽ പരാജയപ്പെട്ടു പോയിട്ടുണ്ടാവാം - അങ്ങനെ പല സാഹചര്യങ്ങളും. നിങ്ങളോട് എനിക്ക് പറയാനുള്ളത്, ചുരുങ്ങിയത് 4 മണിക്കൂർ സമയമെങ്കിലും നിങ്ങളുടെ കഴിവുകളെയും അറിവിനെയും വളർത്തിയെടുക്കാനുതകുന്ന തരത്തിലുള്ള കാര്യങ്ങളിൽ മുഴുകാൻ ഉപയോഗപ്പെടുത്തണം എന്നാണ്.
എന്റെ അനുഭവത്തിൽ നിന്നു മനസ്സിലായ കാര്യം പറയാം. ഒരു തരത്തിലും ശ്രദ്ധ തിരിയാത്ത രീതിയിൽ ഇടമുറിയാതെ ദിവസവും സ്ഥിരതയോടെ സമയം ചെലവഴിച്ചാൽ മാത്രമേ ഈ പറഞ്ഞ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കൂ. ഞാൻ എന്റെ കരിയർ തുടങ്ങുന്നത് 2011 മാർച്ച് മുതലാണ്. ഇഷ്ടപ്പെടാത്ത സാഹചര്യങ്ങളിൽ തീരെ ഇഷ്ടമില്ലാത്ത ജോലികൾ ഞാൻ ചെയ്തിട്ടുണ്ട്. 2018 ആദ്യം വരെ ഇത് തുടർന്നു. ഒരു ദിവസം ഞാൻ തീരുമാനിച്ചുറപ്പിച്ചു, ഇനിയങ്ങോട്ട് മാറണം എന്ന്. ആ തീരുമാനം എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം ചില്ലറയല്ല.

ഇനി എന്നെ സഹായിച്ച ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ വിവരിക്കാം. ഈ കാര്യങ്ങൾ എല്ലാംതന്നെ നിങ്ങളുടെ ബോധമണ്ഡലത്തെ ശക്തിപ്പെടുത്താൻ ഉതകുന്ന കാര്യങ്ങളാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു (അനുഭവം). തീർച്ചയായും ഈ കാര്യങ്ങൾ നിങ്ങളുടെ ബോധമണ്ഡലത്തെ പുതിയ അറിവുകൾകൊണ്ട് ശക്തിപ്പെടുത്തുകയും ആശയങ്ങളും, ചിന്തകളാലും സമ്പന്നമാക്കുകയും ചെയ്യും.

• പുസ്തകവായന - ഒരു പുതിയ കാര്യത്തെ കുറിച്ച് പഠിക്കാനും നിങ്ങളുടെ സ്കിൽ വർധിപ്പിക്കാനും നിങ്ങൾ ആ വിഷയത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല പുസ്തകം വാങ്ങി വായിക്കുക. വായിക്കുന്ന സമയത്ത് പ്രധാനപ്പെട്ട കാര്യങ്ങൾ കോപ്പി പേസ്റ്റ് ചെയ്യാതെ നിങ്ങൾക്ക് എങ്ങനെയാണോ ആ പുതിയ അറിവുകൾ മനസ്സിലായത്, അതേ പോലെ സ്വന്തം ശൈലിയിൽ എഴുതിവയ്ക്കുക എന്നതാണ്. എഴുതിവയ്ക്കാത്ത അറിവ് നിലനിൽക്കില്ല.
• കോഴ്‌സുകൾ ചെയ്യുക - പുസ്തകങ്ങളെല്ലാം ആശയസമ്പുഷ്ടമാണെങ്കിലും അവയിൽ നിർദ്ദേശങ്ങൾ കുറവായിരിക്കും. നിങ്ങൾക്ക് ഒരു പ്രാക്‌ടിക്കൽ സ്കിൽ (coding, writing, building websites etc.) ആണ് പഠിക്കേണ്ടത് എങ്കിൽ കോഴ്‌സുകൾ ചെയ്യുന്നതായിരിക്കും നല്ലത്.
• ഓഡിയോ ബുക്കുകൾ കേൾക്കുക - നിങ്ങൾ വ്യായാമം ചെയ്യുമ്പോഴോ വാഹനം ഓടിക്കുമ്പോഴോ വായിക്കാൻ കഴിയാത്ത മറ്റു സാഹചര്യങ്ങളിലോ അല്ലെങ്കിൽ വായിക്കാൻ താല്പര്യമില്ലാത്ത സമയങ്ങളിലോ ഒക്കെ നിങ്ങൾക്ക് ഇപ്രകാരം അറിവ് നേടിയെടുക്കാനുതകുന്ന തരത്തിൽ ഓഡിയോ ബുക്കുകൾ  ഉപയോഗപ്പെടുത്താവുന്നതാണ്.
• ഡോക്കുമെന്ററികളോ ഇന്റർവ്യൂകളോ കാണുക - മുകളിൽ പറഞ്ഞപോലെ തന്നെ, വായിക്കാൻ പറ്റാത്തപ്പോഴോ വായിക്കാൻ താല്പര്യമില്ലാത്തപ്പോഴോ നല്ല ഡോക്കുമെന്ററികളോ ഇന്റർവ്യൂകളോ കാണാവുന്നതാണ്.
• ജേണലിങ് - പുതുതായി പഠിക്കുന്ന എന്ത് കാര്യങ്ങളും സ്വന്തം ശൈലിയിൽ എഴുതി വയ്ക്കുക. അത് നമ്മെ അക്കാര്യം ഓർത്തുവയ്ക്കൻ ഒരുപാട് സഹായിക്കും.
• പുതുതായി പഠിച്ച ആശയങ്ങൾ, അറിവുകൾ എന്നിവ പങ്കുവയ്ക്കുക - ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ അറിവ് മറ്റുള്ളവരുമായി പങ്കുവച്ച് അവരെ സഹായിക്കുക മാത്രമല്ല, മറിച്ച് ആ വിഷയങ്ങൾ വീണ്ടും നിങ്ങളുടെ തലച്ചോറിൽ ആഴത്തിൽ പതിയാനും ഉപകരിക്കും. ഇതുവഴി നമ്മുടെ ബോധമണ്ഡലം വീണ്ടും ശക്തിപ്പെടും.

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ നമ്മുടെ ബോധമണ്ഡലത്തെ സമ്പന്നമാക്കുന്നതിലൂടെ സ്വന്തം വ്യക്തിത്വത്തെ പോഷിപ്പിക്കാനുതകുന്ന വ്യക്തമായതും നേരെയുള്ളതുമായയ മാർഗങ്ങളാണ്. പക്ഷേ, പ്രശ്നം എന്താണെന്നു വച്ചാൽ നമ്മിൽ ഭൂരിഭാഗം ആളുകൾക്കും ഇത്തരം പുതിയ ശീലങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും ദൈനംദിന ജീവിതത്തിൽ നിലനിർത്തിക്കൊണ്ടുപോകാനും അതിനു വേണ്ടി സമയം കണ്ടെത്താനും ഏറെ പ്രയാസകരമായി തോന്നുന്നു എന്നതാണ്. നേരെമറിച്ച് സമൂഹമാധ്യമങ്ങളിൽ സ്ക്രോൾ ചെയ്ത് സമയം കളയാനും, സെൽബ്രിറ്റികളുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ ഒളിഞ്ഞുനോക്കാനും അനാവശ്യമായ കിംവദന്തികൾ ഷെയർ ചെയ്യാനും അതിനെപ്പറ്റി മണിക്കൂറുകളോളം ഓൺലൈൻ/ഇതര ചർച്ചകൾ ചെയ്യാനും നമ്മൾക്കെല്ലാവർക്കും സമയമുണ്ട്.

അതേ, നമ്മുടെ വിലപ്പെട്ട സമയത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനു പകരം സമയം നശിപ്പിക്കുന്ന അത്തരം നേരംകൊല്ലികളായ കാര്യങ്ങളിൽ മുഴുകുന്നത് തീർച്ചയായും നമ്മളെ സ്വയം നശിപ്പിക്കാനേ ഉപകരിക്കൂ. നമ്മുടെ ബോധമണ്ഡലത്തിൽ ഇത്തരം പ്രവൃത്തികളുടെ അനന്തരഫലമായുണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയാണ്? നമ്മൾ സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ തുടങ്ങും. അതോടൊപ്പം മറ്റുള്ളവരോട് നമ്മൾ അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ അസൂയ തോന്നിത്തുടങ്ങും. മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ തുടങ്ങുന്നതോടെ നമ്മൾ സ്വയം വിലകുറച്ച് കാണാൻ തുടങ്ങും. അതേപോലെ തന്നെ മറ്റു ചിലരെ നമ്മൾ നമ്മളെക്കാൾ വിലകുറഞ്ഞവരായും കാണാൻ തുടങ്ങും. ഇതിനേക്കാൾ അപകടം വേറെ എന്തുണ്ട്? ഇത്തരം അനാവശ്യകാര്യങ്ങൾ ദൈനംദിന ജീവിതത്തിൽ നിന്നു നാം ഓരോരുത്തരും ഒഴിവാക്കേണ്ടതാണ്.

സമൂഹമാധ്യമങ്ങളിലെ ഗുണപ്രദമായ കാര്യങ്ങൾ മാത്രം ഉപയോഗപ്പെടുത്തുക. അതായത് നല്ല നിലവാരമുള്ള പഠനവിഷയ സംബന്ധിയായ ചർച്ചകൾ നടക്കുന്ന ഒരുപാട് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. അവ ഉപയോഗപ്പെടുത്തുക. ഉദാ: ക്വാറ, റെഡിറ്റ്, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, വിവിധ യൂസർ ഫോറങ്ങൾ തുടങ്ങിയവ.

സമ്പന്നമായ ബോധമണ്ഡലമുള്ള വ്യക്തിയുടെ അടിസ്ഥാനപരമായ ഗുണങ്ങൾ എങ്ങനെയായിരിക്കും?
അതിനു മുൻപ് നിങ്ങളോട് ഞാൻ കുറച്ച് ചോദ്യങ്ങൾ ചോദിക്കട്ടെ:
• നിങ്ങൾക്ക് വിരസത തോന്നാറുണ്ടോ?
• നിങ്ങൾക്ക് പലപ്പോഴും അസ്വസ്ഥത തോന്നാറുണ്ടോ?
• മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞുനോക്കി അവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നത് ഇഷ്ടപ്പെടുന്നയാളാണോ നിങ്ങൾ?
നിങ്ങളുടെ ഉത്തരം നോ, നോ, നോ എന്നാണെങ്കിൽ നിങ്ങളുടെ ബോധമണ്ഡലം വളരെ സമ്പന്നമാണ്. ഈ അടയാളങ്ങളാണ് നിങ്ങൾ നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ അന്വേഷിക്കേണ്ടത്. പക്ഷേ, അപാകതകളും കുറവുകളും എല്ലാ മനുഷ്യരിലുമുണ്ട്. ചരിത്രത്തിലെ വലിയ ധിഷണാശാലികൾക്കുപോലും കുറവുകൾ ഉണ്ടായിരുന്നു. അവരെല്ലാം ചെയ്തപോലെ കുറവുകൾ നികത്താനുള്ള അശ്രാന്തപരിശ്രമം തുടർന്നുകൊണ്ടേയിരിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.

"നിങ്ങൾ നിങ്ങളുടെ ബോധമണ്ഡലത്തെ അറിവുകൾകൊണ്ട് സമ്പന്നമാക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും വിരസതയോ ഒറ്റപ്പെടലോ അനുഭവപ്പെടുകയില്ല. നിങ്ങൾ എല്ലായ്‌പ്പോഴും പുതിയ പുതിയ അറിവുകൾ നേടാനുള്ള ഒരു മാനസികാവസ്ഥയിലായിരിക്കും. അതിനാൽ തന്നെ നിങ്ങളുടെ മനസ്സും ശരീരവും സദാസമയവും സജീവമായിരിക്കും"
THE WAY WE SPEND OUR TIME DEFINES WHO WE ARE
 

Post Free Ad