ഗൂഗിള്‍ ടാസ്ക് മേറ്റ് ഇന്ത്യയിലും. ഇപ്പോൾ ബീറ്റാ പരീക്ഷണത്തിലുള്ള ടാസ്ക് മേറ്റ് ആപ്പ് ഗൂഗിള്‍ പ്ലേയില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും ബീറ്റാ വെർഷന് റഫറല്‍ കോഡ് ഇല്ലാത്തതിനാൽ ആര്‍ക്കും അത് ഉപയോഗിക്കാന്‍ കഴിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചെറിയ ജോലികളാണ് ടാസ്ക് മേറ്റിലുള്ളത്.
ആപ്ലിക്കേഷനിലുള്ള ചെറിയ ടാസ്കുകള് ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പണമുണ്ടാക്കാൻ കഴിയുന്നതാണ്. ഡെസ്ക് ടോപ്പ് കംപ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ ഉപയോഗിച്ച് ഒരിടത്തിരുന്നു ചെയ്യേണ്ട ജോലികളും പുറത്തു പോയി ചെയ്യേണ്ട ജോലികളും ആപ്പിൽ ഉണ്ടാവും. പൂര്‍ത്തീകരിച്ച ടാസ്കുകള്, ശരിയായി ചെയ്തവ, നിങ്ങളുടെ ലെവല്‍, പരിശോധനയിലുള്ള ടാസ്കുകള് എന്നിവ ആപ്പില്‍ കാണാം. ഉദാഹരണത്തിന്, ഒരു റസ്റ്ററന്റിന്റെ ചിത്രം പകര്‍ത്തുക, സര്‍വേയുടെ ഭാഗമായുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരങ്ങള്‍ നല്‍കുക, ഇംഗ്ലീഷിലുള്ള വാചകങ്ങള്‍ മറ്റു ഭാഷകളിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യുക പോലുള്ള ടാസ്കുകളാണ് ആപ്പില്‍ ഉണ്ടാവുക.
കടകളുടെയും കെട്ടിടങ്ങളുടേയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലൂടെ ഗൂഗിളിന് അതിന്റെ മാപ്പിങ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും. സ്ഥാപനങ്ങള്‍ക്ക് അതതു മേഖലകളില്‍ വ്യവസായം ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനും മറ്റും ഈ സേവനം പ്രയോജനപ്പെടുത്താം. പുറത്തു നിന്നുള്ള സ്ഥാപനങ്ങള്‍ നല്കുന്ന ടാസ്കുകളും ഗൂഗിള്‍ തന്നെ നേരിട്ടു നല്കുന്ന ടാസ്കുകളും ആപ്പിൽ ഉണ്ടാകും. പ്രാദേശിക കറന്‍സിയിലാണ് ഉപയോക്താക്കള്‍ക്ക് പ്രതിഫലം നല്‍കുക. സമീപത്തുള്ള ടാസ്കുകള് ചെയ്യുക, വരുമാനം നേടിത്തുടങ്ങുക, പണം കൈപ്പറ്റുക ഇത്രയുമാണ് ഗൂഗിളിന്റെ ടാസ്ക് മേറ്റ് ആപ്പില്‍ ചെയ്യേണ്ടത്.