Posted by : Admin

ഭൂമിയിലെ ഓക്സിജൻ അളവ് ക്രമേണ കുറഞ്ഞാൽ?

ഭൂമിയിൽ ഇപ്പോഴുള്ള ഓക്സിജന്റെ അളവ് ക്രമേണ കുറയുകയാണെങ്കിൽ ജീവ്നറെ തുടിപ്പ് എന്നെന്നേക്കുമായി ഇല്ലാതായേക്കാം. ഇപ്പോൾ, ഓക്സിജൻ സമ്പന്നമായ നമ്മുടെ ഗ്രഹത്തിൽ ജീവിതം സുഗമമാണ്. പക്ഷേ ഭൂമിയുടെ ഉദ്ഭവ കാലഘട്ടത്തിൽ ഇതായിരുന്നില്ല അവസ്ഥ. ഭൗമാന്തരീക്ഷത്തിൽ ഓക്സിജൻ കുറഞ്ഞ അളവിലും മീഥേനും മറ്റു വാതകങ്ങളും ധാരാളമായും അടങ്ങിയിരുന്നു. ഭൂമിയിൽ ജീവൻ തുടിച്ചു തുടങ്ങുന്നതിനു മുൻപുള്ള കാര്യമാണ് പറഞ്ഞു വരുന്നത്. പ്രപഞ്ചത്തിലെ പൊടിപടലങ്ങളും വാതകങ്ങളും കൂടിക്കലർന്ന് ചുറ്റിത്തിരിഞ്ഞ് ഗുരുത്വാകർഷണ ബലത്താൽ പരസ്പരം ഒന്നായിത്തീർന്ന് ഘനീഭവിച്ചു. കറങ്ങിക്കൊണ്ടിരുന്ന ഭൂഗോളത്തിൽ ഒട്ടേറെ അഗ്നിപർവതങ്ങൾ രൂപംകൊണ്ടു. വളരെ വർഷങ്ങളോളം ഇവ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. പുറത്തേക്കു വന്ന ലാവ ഭൂമിയുടെ പുറക്കാമ്പിലാകെ പരന്നൊഴുകി. അങ്ങനെ പർവതങ്ങൾ രൂപംകൊണ്ടു. കൂടാതെ, അഗ്നിപർവതം പൊട്ടിത്തെറിച്ച് അന്തരീക്ഷത്തിലേക്ക് വ്യാപിച്ച ചാരവും താപവും പിന്നീട് മാസങ്ങളോളം തോരാതെ പെയ്ത മഴയ്ക്ക് കാരണമായി. അങ്ങനെ സമുദ്രങ്ങൾ ഉണ്ടായി. ജീവന്റെ ഉൽപത്തിക്കു മുൻപ് വളരെക്കാലം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.

എന്നാൽ, പ്രപഞ്ച നിയമമനുസരിച്ച് നമ്മുടെ ഭൂമിക്ക് പഴയ അവസ്ഥയിലേക്ക് മടങ്ങാതിരിക്കാനാവില്ല. അതായത് കാലക്രമേണ ഓക്സിജന്റെ അളവ് കുറഞ്ഞു കുറഞ്ഞു വന്ന് ഭൂമിയിൽ ജീവിതം അസാധ്യമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമെന്നർഥം. പേടിക്കേണ്ട. ഇന്നോ നാളെയോ സംഭവിക്കുന്ന കാര്യമല്ല ഇത്. ഇതിന് വർഷങ്ങൾ വേണ്ടിവരും. ഈ മാറ്റം ഗ്രഹത്തെ ഏകദേശം 2.4 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഗ്രേറ്റ് ഓക്സിഡേഷൻ ഇവന്റ് (GOE) എന്നറിയപ്പെട്ടിരുന്ന അവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകും.

അടുത്തകാലത്തു നടത്തിയ ഗവേഷണത്തിൽ നിന്നു വെളിവായ വിവരങ്ങൾ അനുസരിച്ച് ഗവേഷകർ പറയുന്നത് അന്തരീക്ഷ ഓക്സിജൻ പൊതുവെ വാസയോഗ്യമായ ഗോളങ്ങളുടെ സ്ഥിരമായ സവിശേഷതയായിരിക്കാൻ സാധ്യതയില്ല എന്നാണ്. ഇത് പ്രപഞ്ചത്തിൽ ജീവന്റെ അടയാളങ്ങൾ കൂടുതൽ കണ്ടെത്താനുള്ള നമ്മുടെ ശ്രമങ്ങൾക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

ഗവേഷകരുടെ മോഡൽ പ്രൊജക്ടുകൾ പ്രകാരം അന്തരീക്ഷത്തിലെ ഡീഓക്സിജിനേഷൻ, ആർക്കിയൻ എർത്ത് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അന്തരീക്ഷത്തിലെ ഓക്സിജൻ അളവ് കുത്തനെ കുറയൽ എന്നിവയെല്ലാം സംഭവിക്കുന്നത് മിക്കവാറും ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥയിൽ ഈർപ്പമുള്ള ഹരിതഗൃഹ സാഹചര്യങ്ങൾ ആരംഭിക്കുന്നതിനു മുമ്പും, ഉപരിതല ജലത്തിന്റെ വ്യാപകമായ നഷ്ടത്തിനും മുമ്പായിരിക്കാം. 
അങ്ങനെ ഒരു സാഹചര്യം സംജാതമായാൽ മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപു തന്നെ അപകടത്തിലാകും.
 
നിഗമനങ്ങളിൽ എത്തിച്ചേരാൻ ഗവേഷകർ ഭൂമിയുടെ ജൈവമണ്ഡലത്തിന്റെ വിശദമായ മാതൃകകൾ സൃഷ്ടിച്ച് സൂര്യന്റെ പ്രകാശ തീവ്രതയിൽ വരുന്ന മാറ്റങ്ങളും അതിന് ആനുപാതികമായി കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ വരുന്ന കുറവും പഠനവിധേയമാക്കി. സൂര്യനിൽ നിന്നുള്ള വർധിച്ച താപവികിരണം കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ ഗണ്യമായ കുറവു വരുത്തുന്നതായി ഗവേഷകർ കണ്ടെത്തി. കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവിൽ വരുന്ന കുറവ് ഭൂമിയിലെ സസ്യജാലങ്ങളിലെ പ്രകാശസംശ്ളേഷണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ഓക്സിജൻ ലഭ്യതയിൽ വൻ കുറവു വരുത്തുകയും ചെയ്യും.

സൂര്യനിൽ നിന്നുള്ള വർധിച്ച വികിരണം ഏകദേശം 2 ബില്ല്യൺ വർഷത്തിനുള്ളിൽ സമുദ്രജലം വറ്റിച്ചുകളയുമെന്ന് ശാസ്ത്രജ്ഞർ നേരത്തേ പ്രവചിച്ചിരുന്നു. പുതിയ പഠനമനുസരിച്ച് ഓക്സിജന്റെ കുറവ് ഭൂമുഖത്തുനിന്ന് ജീവനെ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് കണ്ടെത്തി.

സൗരയൂഥത്തിന് പുറത്തുള്ള വാസയോഗ്യമായ ഗ്രഹങ്ങൾക്കായുള്ള നമ്മുടെ തിരച്ചിലാണ് ഇന്നത്തെ പഠനത്തെ പ്രസക്തമാക്കുന്നത്.

ജപ്പാനിലെ തോഹോ സർവകലാശാലയിൽ നിന്നുള്ള റെയ്ൻഹാർഡും പരിസ്ഥിതി ശാസ്ത്രജ്ഞനായ കസുമി ഒസാക്കിയും നടത്തിയ കണക്കുകൂട്ടലുകൾ അനുസരിച്ച്, ഭൂമിയുടെ ഓക്സിജൻ സമ്പുഷ്ടമായ വാസയോഗ്യമായ ചരിത്രം ഗ്രഹത്തിന്റെ ആയുസ്സിന്റെ ആകെ 20-30 ശതമാനം മാത്രമാണ്.  മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നാശത്തിനു ശേഷം സൂക്ഷ്മാണുക്കൾ മാത്രമായിരിക്കും ഭൂമിയിൽ അവശേഷിക്കുക. 

ഡീഓക്സിജനേഷനു ശേഷമുള്ള അന്തരീക്ഷത്തിൽ ഉയർന്ന അളവിലുള്ള മീഥേൻ, കുറഞ്ഞ അളവിലുള്ള ഓക്സിജനും മറ്റു വാതകങ്ങളും മാത്രമാകും അവശേഷിക്കുക. ഓസോൺ പാളി തീർത്തും ഇല്ലാതാകും - ഓസാക്കി പറഞ്ഞു. അന്ന് ഭൂമി ഒരുപക്ഷേ വായുരഹിത സൂക്ഷ്മാണുക്കളുടെ മാത്രം ഒരു ഗോളമായി മാറും."

അവലംബം: നേച്ചർ ജിയോസയൻസ് 2021
 

Post Free Ad